ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി

ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി

ഒരു രാജ്യത്ത് രണ്ട് നിയമം പ്രായോഗികമല്ല; മുത്തലാഖ് നിരോധനത്തെ എതിർത്തത് പ്രീണനരാഷ്‌ട്രീയം; ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി    

ഭോപ്പാൽ: ഭരണഘടന തുല്യത ഉറപ്പു വരുത്തുമ്പോൾ ഒരു രാജ്യത്ത് രണ്ട് തരം നിയമം പ്രായോഗികമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓരേ കുടുംബത്തിലെ അംഗങ്ങൾക്ക് രണ്ട് നിയമം ബാധകമാക്കുന്നത് അംഗികരിക്കാനാകില്ല.  അതിനാൽ ഏകീകൃത സിവിൽ കോഡ് രാജ്യത്ത് നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഭോപ്പാലിൽ ബിജെപി സംഘടിപ്പിച്ച മേരെ ബൂത്ത് സബ്‌സെ മജ്ബുത്ത് എന്ന പരിപാടിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.......



 രാജ്യത്തെ ജനങ്ങൾ ഏകീകൃത സിവിൽ കോഡാണ് ആഗ്രഹിക്കുന്നത്. മുത്തലാഖ് നിരോധിച്ചപ്പോൾ വിവിധ രാഷ്‌ട്രീയ കക്ഷികൾ എതിർത്തു. എന്നാൽ മുസ്ലിം പെൺകുട്ടികൾ ബിജെപിക്കൊപ്പമാണ് നിൽക്കുന്നത്. കാരണം മുത്തലാഖ് കടുത്ത അനീതിയാണ് ഇവരോട് ചെയ്യുന്നത്. ഇസ്ലാമിന് അവിഭാജ്യ ഘടകം എന്ന നിലയിലാണ് മുത്തലാഖിനെ ഇത്രയും കാലം സംരക്ഷിച്ചത്.

എന്നാൽ ജനസംഖ്യയുടെ ശതമാനവും സുന്നി വിഭാഗത്തിൽപ്പെട്ട ഈജിപ്തിൽ 80-90 വർഷം മുമ്പ് മുത്തലാഖ് ഇല്ലാതാക്കി. മുസ്ലിം-ഭൂരിപക്ഷ രാജ്യങ്ങളായ പാകിസ്താനും ബംഗ്ലാദേശിലും ഈജിപ്റ്റിലും ഖത്തറിലും ജോർദാനിലും സിറിയയിലുമൊന്നും മുത്തലാഖ് ഇല്ലാത്തത് എന്തുകൊണ്ടാണ്, പ്രധാനമന്ത്രി ചോദിച്ചു മുത്തലാഖിനെ പിന്തുണച്ചവർ വോട്ട് ബാങ്ക് രാഷ്‌ട്രീയം ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത് നരേന്ദ്രമോദി കൂട്ടിച്ചേർത്തു.

വോട്ടിന് വേണ്ടി മാത്രമാണ് അവർ നമ്മുടെ മുസ്ലീം സഹോദരിമാരോട് അനീതി കാട്ടിയിരുന്നത്. ഈ പ്രശ്‌നം സ്ത്രീകളെ മാത്രം ബാധിക്കുന്നു എന്ന തരത്തിലായിരുന്നു ഇവർ പ്രചരിപ്പിച്ചത്. മുത്തലാഖ് ഒരു കുടുംബത്തെയാകെ നശിപ്പിക്കുന്നു. ഇത് മുസ്ലിം സമൂഹത്തിന് ഒഴിവാക്കാനാകാത്തതാണെങ്കിൽ, മുസ്ലീം രാജ്യങ്ങളിൽ നിന്ന് ഇത് നീക്കം ചെയ്യുമായിരുന്നില്ല, പ്രധാനമന്ത്രി പറഞ്ഞു