മോദി-യോഗി മാജിക്

മോദി-യോഗി മാജിക്

മോദി-യോഗി മാജിക്

ജനഹൃദയങ്ങൾ കീഴടക്കിയ മഹായോഗി; പതിറ്റാണ്ടുകളുടെ ചരിത്രം തിരുത്തി യുപി; നടന്നത് മോദി-യോഗി മാജിക്

ന്യൂഡൽഹി : ഉത്തർപ്രദേശിൽ പതിറ്റാണ്ടുകൾക്ക് ശേഷം ബിജെപി തുടർഭരണമുറപ്പിക്കുന്നു. 37 വർഷത്തെ ചരിത്രം തിരുത്തിക്കൊണ്ടാണ് യോഗി സർക്കാർ വീണ്ടും അധികാരത്തിലേറുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണ ഈ വിജയത്തിന് ഇരട്ടി മധുരം നൽകി.

2017 ൽ യോഗി മുഖ്യമന്ത്രി സ്ഥാനത്തെത്തുമ്പോൾ ഉത്തർപ്രദേശ് മാഫിയ നേതാക്കളുടെ കൂടാരമായിരുന്നു. സമാധാനശീലനായ ഒരു യോഗിക്ക് എങ്ങനെ ഗുണ്ടായിസം ഇല്ലാതാക്കാൻ സാധിക്കും എന്ന ചോദ്യം അപ്പോഴും ഉയർന്നു കേട്ടു. എന്നാൽ യോഗി ആദിത്യനാഥിന്റെ ശക്തമായ തീരുമാനങ്ങളും പ്രവർത്തനങ്ങളും ഗുണ്ടകളെ അടിമുടി വിറപ്പിച്ചു. മാഫിയ നേതാക്കളുടെ സ്ഥലങ്ങൾ പിടിച്ചെടുത്തും അവരുടെ അനധികൃത സ്വത്തുക്കൾ പിടിച്ചുകെട്ടിയും യോഗി ജനമനസ്സിൽ പ്രത്യേക ഇടം നേടുകയായിരുന്നു. ഗുണ്ടകൾ പോലീസിന് മുന്നിൽ സ്വയം കീഴടങ്ങി.

വികസനം എന്നത് വാക്കാൻ പറയേണ്ട ഒന്നല്ല മറിച്ച് പ്രവൃത്തിയിലൂടെ ചെയ്യേണ്ടതാണെന്ന് യുപിയിലെ ജനങ്ങൾക്ക് യോഗി കാണിച്ചുകൊടുത്തു. വീടില്ലാത്തവർക്ക് വീട് നിർമ്മിച്ച് കൊടുക്കുകയും, യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും, കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യം ഒരുക്കുകയും ചെയ്തുകൊണ്ട് യോഗി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. ഉത്തർപ്രദേശിലെ അന്ധവിശ്വാസങ്ങളെല്ലാം തൂത്തെറിഞ്ഞുകൊണ്ടാണ് യോഗി ശരവേഗത്തിൽ നീക്കങ്ങൾ നടത്തിയത്.

പ്രധാനമന്ത്രിയുടെ പിന്തുണയും യോഗിക്ക് ലഭിച്ചു. യുപിയെ വികസനത്തിന്റെ പാതയിൽ എത്തിക്കുക എന്നതായിരുന്നു ബിജെപി സർക്കാരിന്റെ ലക്ഷ്യം. അത് നിറവേറ്റാൻ എല്ലാ പ്രവർത്തകരും ഒരേ മനസ്സോടെ പ്രവർത്തിച്ചു സൂപ്പർ ഹൈവേകളും, എയർപോർട്ടുകളും, പുതിയ കമ്പനികളും സംസ്ഥാനത്തിന് സമർപ്പിച്ചുകൊണ്ട് യുപിയെ മുൻപന്തിയിലെത്തിച്ചു. ഇതെല്ലാം ചെയ്യാൻ ബിജെപി സർക്കാരിന് കേവലം അഞ്ച് വർഷം ധാരാളമായിരുന്നു.

Modiji with Yogiji

കൊറോണ പ്രതിസന്ധി രൂക്ഷമായതോടെ പ്രതിപക്ഷ പാർട്ടികൾ യുപിയ്‌ക്കെതിരെ കുപ്രചാരണം ആരംഭിച്ചു. കൊറോണ രോഗികൾ ഓക്‌സിജൻ കിട്ടാതെ മരിക്കുന്നുവെന്നും ഗംഗയിൽ ശവങ്ങൾ ഒഴുകി നടക്കുന്നുവെന്നുമായിരുന്നു പ്രചാരണം. ഇതിന്റെ കൂടെ വർഷങ്ങൾക്ക് മുൻപുള്ള ചിത്രങ്ങളും പ്രചരിപ്പിച്ചു. എന്നാൽ ഇത്തരം പ്രചാരണങ്ങളിൽ അടിപതറാതിരുന്ന യോഗിസർക്കാർ കൊറോണയ്‌ക്കെതിരെ ശക്തമായ പ്രതിരോധം തീർത്തു. യോഗി മോഡൽ തന്നെ മികച്ചത് എന്ന് എല്ലാ സംസ്ഥാനങ്ങൾക്കും പിന്നീട് സമ്മതിക്കേണ്ടി വന്നു. എല്ലാ സംസ്ഥാനങ്ങളും അത് മാതൃകയാക്കാൻ തുടങ്ങി.

പ്രതിപക്ഷം യോഗിക്ക് നേരെ ഉപയോഗിച്ച അടുത്ത ആയുധം ജാതിവിവേചനമായിരുന്നു. യോഗി ആദിത്യനാഥിനെ അജയ് ബിഷ്ത് എന്ന് അഭിസംബോധന ചെയ്യുന്നത് ബിജെപിയുടെ തകർച്ചയിലേക്ക് നയിക്കുമെന്ന് അവർ കരുതി. കാരണം യോഗി ജനിച്ചത് ഠാക്കൂർ സമുദായത്തിൽ ആണെന്നത് എല്ലാവരേയും ഓർമ്മിപ്പിക്കും. എന്നാൽ ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ മഹന്ത് ജാതി ഇല്ലാത്ത വ്യക്തിയാണെന്ന് അവർ മനസ്സിലാക്കിയില്ല. യോഗിയെ ഇസ്ലാമോഫോബിയ ഉപയോഗിച്ച് വീഴ്‌ത്താമെന്ന പ്രതിപക്ഷത്തിന്റെ വ്യാമോഹവും പിഴച്ചു.

വർഷങ്ങളായി ജനങ്ങൾ ആഗ്രഹിച്ചിരുന്ന അയോദ്ധ്യയേയും, കാശിയേയും ഭക്തർക്ക് സമ്മാനിച്ചുകൊണ്ട് യോഗി ജനങ്ങളുടെ ഇഷ്ട നേതാവായി. ഇതിനെല്ലാം പിന്തുണ നൽകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയായിരുന്നു. യോഗി-മോദി മാജിക് എന്ന പദത്തിന്റെ അർത്ഥം ഇപ്പോൾ എല്ലാ നേതാക്കൾക്കും മനസ്സിലായി. ജനഹൃദയങ്ങളിൽ ഇടം പിടിച്ച നേതാക്കളെ മുൻനിരയിൽ നിന്നും മാറ്റാൻ സാധിക്കില്ലെന്ന പാഠവും പ്രതിപക്ഷ പാർട്ടികൾ ഇതോടെ പഠിച്ചു.

കടപ്പാട് ജനം ന്യൂസ്.