പ്രധാനമന്ത്രി ആവാസ് യോജന കേരളത്തിന് 1.97 ലക്ഷം വീടുകൾ അനുവദിച്ച് കേന്ദ്രസർക്കാർ Pradhan Mantri Awas-Yojana Kerala
പ്രധാനമന്ത്രി ആവാസ് യോജന; കേരളത്തിന് 1.97 ലക്ഷം വീടുകൾ അനുവദിച്ച് കേന്ദ്രസർക്കാർ; പിന്നാലെ ആദ്യഗഡും
ന്യൂഡൽഹി: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നടപ്പു സാമ്പത്തിക വർഷം സംസ്ഥാനത്ത് 1.97 ലക്ഷം വീടുകൾക്ക് കേന്ദ്ര അനുമതി. ഇതിൽ 60,000 വീടുകൾ പട്ടിക വിഭാഗക്കാർക്കാണ്. ഇതിന്റെ ആദ്യഗഡുവായി 64 കോടിയും കേന്ദ്രസർക്കാർ അനുവദിച്ചു നിലവിൽ സംസ്ഥാനത്ത് പിഎംഎവൈ വീടുകൾ നിർമിച്ച് നൽകുന്നത് ലൈഫ് മിഷനിലൂടെയാണ്. കഴിഞ്ഞ ബജറ്റിൽ പിഎംഎവൈക്ക് കൂടുതൽ തുക കേന്ദ്രസർക്കാർ മാറ്റിവെച്ചിരുന്നു.
ഇതിന് പിന്നാലെയാണ് സംസ്ഥാനം ആവശ്യപ്പെടാതെ തന്നെ ഇത്രയധികം വീടുകൾക്ക് അനുമതി നൽകിയത് 2019 ൽ കേന്ദ്ര ഗ്രാമവികസനവകുപ്പ് നടത്തിയ സർവേ പ്രകാരം സംസ്ഥാനത്ത് 2,14,124 പേരെയാണ് കേന്ദ്രസർക്കാർ ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
ഇതിൽ 13,114 പേർക്ക് 2021-22 സാമ്പത്തികവർഷത്തിൽ വീട് അനുവദിച്ചു. കണക്കുപ്രകാരം 2,01,010 പേർക്കാണ് ഇനി വീടുലഭിക്കാനുള്ളത്. രണ്ടുലക്ഷത്തോളം വീടുകൾ ഇപ്പോൾ അനുവദിച്ചിട്ടുള്ളതിനാൽ പുതിയ അപേക്ഷകർക്കും വീടുലഭിക്കാൻ വഴി തുറക്കും.
പ്രധാന മന്ത്രി ആവാസ് യോജന( പിഎംഎവൈ )
സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും മിതമായ നിരക്കിൽ ഭവനം ലഭ്യമാക്കുന്നതിനായി നരേന്ദ്ര മോദി സർക്കാർ ആരംഭിച്ച പദ്ധതിയാണ് പ്രധാൻ മന്ത്രി ആവാസ് യോജന പദ്ധതി. 2015ൽ ആരംഭിച്ച പിഎംഎവൈ ഘട്ടം ഘട്ടമായാണ് രാജ്യത്തുടനീളം നടപ്പിലാക്കുന്നത്. പദ്ധതി ഇപ്പോഴും തുടരുന്നുണ്ട്. നഗര-ഗ്രാമീണ വ്യത്യാസമില്ലാതെ എല്ലാവർക്കും കൈയെത്തും ദൂരത്ത് സ്വന്തമായി ഒരു വീട് എന്ന സ്വപ്നങ്ങൾ സഫലമാക്കാം പദ്ധതിയിലൂടെ സാധിക്കും.
അപേക്ഷകരെ അവരുടെ വാർഷിക വരുമാനത്തെ അടിസ്ഥാനമാക്കി നാല് സാമ്പത്തിക ഗ്രൂപ്പുകളായി തരംതിരിച്ചിട്ടുണ്ട്.
1. സാമ്പത്തികമായി ദുർബലരായ വിഭാഗം (EWS): വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ താഴെ.
2. ലോ ഇൻകം ഗ്രൂപ്പ് (LIG): 3 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെ വാർഷിക വരുമാനം.
3. ഇടത്തരം വരുമാന ഗ്രൂപ്പ്-1 (MIG-I): വാർഷിക വരുമാനം 6 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെ.
4. ഇടത്തരം വരുമാന ഗ്രൂപ്പ്-2 (MIG-II): വാർഷിക വരുമാനം 12 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെ.പദ്ധതി പ്രാഥമികമായി സാമ്പത്തികമായി ദുർബലരായ വിഭാഗം, ലോ ഇൻകം ഗ്രൂപ്പ് എന്നീ വിഭാഗങ്ങൾക്ക് പുതിയ വീടുകൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതേസമയം നിലവിലുള്ള വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനോ മെച്ചപ്പെടുത്തുന്നതിനോ സാമ്പത്തിക സഹായം നൽകുകയും ചെയ്യുന്നു.
ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം
1. പിഎംഎവൈ വെബ്‌സൈറ്റായ pmaymis.gov.inൽ ലോഗിൻ ചെയ്യുക
2. സിറ്റിസൺ അസസ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുത്ത് ബാധകമായ ഓപ്ഷനിൽ ക്ലിക്കുചെയ്യുക
3. ആധാർ കാർഡ് വിശദാംശങ്ങൾ നൽകുക ഇത് നിങ്ങളെ അപ്ലിക്കേഷൻ പേജിലേക്ക് റീഡയറക്ട് ചെയ്യും, അവിടെ നിങ്ങൾ എല്ലാ വിശദാംശങ്ങളും കൃത്യമായി പൂരിപ്പിക്കേണ്ടതുണ്ട്.
4. പൂരിപ്പിക്കേണ്ട വിശദാംശങ്ങളിൽ പേര്, കോൺടാക്റ്റ് നമ്പർ, മറ്റ് വ്യക്തിഗത വിശദാംശങ്ങൾ, ബാങ്ക് അക്കൌണ്ട്, വരുമാന വിശദാംശങ്ങൾ എന്നിവ ഉൾപ്പെടുന്നു.
5. ഇത് ചെയ്‌തുകഴിഞ്ഞാൽ, 'സേവ്' ഓപ്ഷൻ തിരഞ്ഞെടുത്ത് ക്യാപ്‌ച കോഡ് നൽകുക.
6. തുടർന്ന്, 'സേവ്' ബട്ടണിൽ ക്ലിക്കുചെയ്യുക.
7. ആപ്ലിക്കേഷൻ പൂർത്തിയായാൽ പ്രിന്‍റ് ഔട്ട് എടുക്കാം ഓഫ് ലൈനായി അപേക്ഷ നൽകാം ആവശ്യമായ രേഖകൾ സഹിതം നിങ്ങളുടെ അടുത്തുള്ള ഒരു പൊതു സേവന കേന്ദ്രം (CSC) സന്ദർശിക്കേണ്ടതുണ്ട്. അവിടെ, 25 രൂപയും ജിഎസ്ടിയും നൽകിയ ശേഷം ഉദ്യോഗസ്ഥർ നൽകുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് സമർപ്പിക്കേണ്ടതുണ്ട്.