ഓപ്പറേഷൻ ഗംഗയുടെ വിജയരഹസ്യം

ഓപ്പറേഷൻ ഗംഗയുടെ വിജയരഹസ്യം

നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയും ഇന്ത്യൻ നയതന്ത്രത്തിന്റെ കരുത്തും; ഓപ്പറേഷൻ ഗംഗയുടെ വിജയരഹസ്യം

യുക്രെയ്നിൽ എന്താണ് സംഭവിക്കുന്നത് എന്നതിനേക്കാൾ റഷ്യ എന്താണ് ചിന്തിക്കുന്നത് എന്നതിൽ നിന്നാണ് ഇന്ത്യയും നരേന്ദ്രമോദിയും ചിന്തിച്ചുതുടങ്ങിയത്. റഷ്യയ്‌ക്ക് തങ്ങളുടെ രാജ്യസുരക്ഷയ്‌ക്ക് പതിറ്റാണ്ടുകളായി വിഘാതമായി നിൽക്കുന്ന യുക്രെയ്നിലെ അമേരിക്കൻ-നാറ്റോ കുതന്ത്രം തകർത്തേ മതിയാകൂ എന്ന നരേന്ദ്രമോദി തിരിച്ചറിഞ്ഞ നിമിഷം മുതൽ പുടിനെ ബന്ധപ്പെടുന്നതിൽ നരേന്ദ്രമോദി വീഴ്ച വരുത്തിയില്ല. അക്രമം അരുതെന്ന് പുടിനോട് പറഞ്ഞ ഏക ഭരണാധികാരി. ഒരു രാജ്യംപോലും യുക്രെയ്ന്റെ അതിർത്തി കടന്ന് റഷ്യ മുന്നേറുന്നത് തടഞ്ഞില്ല എന്നതും ഇവിടെ എല്ലാവരും കണ്ടു.

യുക്രെയ്നിലെ സുമി മേഖലയിലേയും ഖാർകീവിലേയും രക്ഷാ പ്രവർത്തനമാണ് ഇന്ത്യ വിജയിപ്പിച്ചത്. ഇന്ത്യൻ പൗരന്മാരെ യുക്രെയ്ൻ സൈനികരുടെ അകമ്പടിയോടെ ബസ്സുകളിൽ അതിർത്തി കടത്തിയിരിക്കുന്നു. എത്തിച്ചത് റുമേനിയ, ഹംഗറി, പോളണ്ട് എന്നീ സമീപരാജ്യങ്ങളിലേക്ക്. എല്ലായിടത്തും കഴിഞ്ഞ ഒരാഴ്ചയായി നേതൃത്വം കൊടുത്ത് നാല് കേന്ദ്രമന്ത്രിമാരും നയതന്ത്ര ഉദ്യോഗസ്ഥരും. മറ്റ് സ്വകാര്യവിമാനങ്ങൾക്കൊപ്പം അതിവേഗ നീക്കങ്ങളുമായി ഇന്ത്യൻ വ്യോമസേനയുടെ സി-17 വിമാനങ്ങളും. സുമിയിലെ രക്ഷാ ദൗത്യത്തിന് ലഭിച്ചത് 11 മണിക്കൂർ മാത്രം. പുറത്തെത്തിച്ചത് 694 വിദ്യാർത്ഥികളെ. ആദ്യ ഘട്ടത്തിൽ പോൾട്ടോവയിലേക്ക്. അവിടെ നിന്നും ലീവിവിലേക്ക്. 15 ബസുകളിലായി മാതൃരാജ്യത്തിന്റെ കൈതാങ്ങിൽ ഇന്ത്യൻ വിദ്യാർത്ഥികൾ. ഇന്ത്യൻ സംഘത്തിനൊപ്പം ബംഗ്ലാദേശ്, നേപ്പാൾ പൗരന്മാർക്കും രക്ഷാ ദൗത്യത്തിൽ ഇടം നൽകാൻ ഇന്ത്യ മറന്നില്ല. അതിർത്തി രാജ്യങ്ങൾ ഇന്ത്യക്ക് അന്യരല്ലെന്ന നരേന്ദ്രമോദിയുടെ നയതന്ത്രം ഇവിടേയും മാനുഷിക നന്മയായി ഉയർന്നു നിൽക്കുന്നു. അവരെല്ലാം സ്വന്തം നാടിന്റെ ദേശീയ പതാകയ്‌ക്ക് പകരം ഇന്ത്യയുടെ ദേശീയ പതാകയേന്തി. പാകിസ്താനിയും ബംഗ്ലാദേശിയും നേപ്പാളിയും ത്രിവർണ്ണ പതാകയുമായി സുരക്ഷിതരായി യുക്രെയ്ൻ അതിർത്തികടന്ന് മാതൃരാജ്യങ്ങളിലേയ്‌ക്കെത്തി.

രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുദ്ധമുഖത്ത് നിന്നും മാതൃരാജ്യത്തെത്തിയത് 18,000 ലധികം ഇന്ത്യക്കാർ. യുക്രെയന്റെ അയൽ രാജ്യങ്ങളിലൂടെയാണ് എല്ലാവരും പുറത്തുകടന്നത് നാട്ടിലേക്ക് സുരക്ഷിതമായി എത്തിയത്. ഇതിനിടയിൽ കർണ്ണാടകയിലെ 21 കാരനായ നവീൻ ശേഖരപ്പ ഗ്യാനഗൗഡർ എന്ന വിദ്യാർത്ഥിയുടെ മരണവും പഞ്ചാബിൽ നിന്നുള്ള വിദ്യാർത്ഥി ഹർജ്യോത് സിംഗിനേറ്റ വെടിയും കണ്ണീരും പ്രതിസന്ധിയായി. യുദ്ധമുഖത്ത് കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കുന്നതിനായി ഫെബ്രുവരി 22 നാണ് ഓപ്പറേഷൻ ഗംഗ ആരംഭിച്ചത്. 75 സിവിലിയൻ വിമാനങ്ങളിലായി 15521 ഇന്ത്യൻ പൗരന്മാരേയും ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ 2467 പേരെയുമാണ് രാജ്യത്തേയ്‌ക്ക് തിരിച്ചെത്തിച്ചത്. 32 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രകൾ വഹിച്ചാണ് ഓപ്പറേഷൻ ഗംഗ രക്ഷാ ദൗത്യം ഇത്രയധികം പേരെ ഇന്ത്യയിലെത്തിച്ചത്.

യുക്രെയ്ൻ ഒറ്റപ്പെടുമ്പോഴും അതിർത്തിയിലെ എല്ലാ രാജ്യങ്ങളിലും ഇന്ത്യൻ ത്രിവർണ്ണപതാകയുമേന്തി ഉദ്യോഗസ്ഥർക്കൊപ്പം ഇന്ത്യൻ പ്രവാസി സമൂഹവും കാത്തുനിന്നു. ഇന്ത്യൻ വിദേശകാര്യവകുപ്പ് ഓരോ ചെറുരാജ്യത്തേയും എത്ര കണ്ട് വിശ്വാസത്തിലെടുത്തു എന്നതിന്റെ ഗുണഫലം പൗരന്മാർ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ച് അനുഭവിക്കുകയാണ്. ഒപ്പം രക്തചൊരിച്ചിലിനിടയിലെ നയതന്ത്രമെന്തെന്ന നേർക്കാഴ്ചയും പാഠവും.

ഇന്ത്യൻ നയതന്ത്രത്തിന്റെ കരുത്തെന്തെന്ന് ലോകം കണ്ട രണ്ടാഴ്ചയാണ് കടന്നുപോയത്. നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയും ലോകനേതാക്കളുമായുള്ള ഊഷ്മള ബന്ധത്തിന്ഡറെ ആഴവും ലോകം തിരിച്ചറിയുകയായിരുന്നു. റഷ്യൻ പ്രസിഡന്റ് പുടിനെ ഏത് അസമയത്തും സന്നിഗ്ധ ഘട്ടത്തിലും വിളിച്ച് സ്വന്തം നാടിന്റെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നത് കണ്ട് ലോകശക്തികൾ അമ്പരക്കുന്നു. ഇതാണ് മോദി മാജിക്. അത് ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളുടെ രാഷ്‌ട്രീയ കുതന്ത്രം പൊളിക്കുന്നതിൽ മാത്രമല്ല അതിർത്തിക്കപ്പുറത്തെ വൻ യുദ്ധങ്ങൾക്കിടയിലും വിജയിക്കും. നരേന്ദ്രമോദിയുടേയും ഇന്ത്യൻ വിദേശകാര്യ വകുപ്പിന്റെയും യുക്രെയ്നിലെ വിജയഗാഥ പാഠ്യവിഷയമാകേണ്ട ചരിത്രമാണ്.

കടപ്പാട് ജനം ന്യൂസ്.