ഓപ്പറേഷൻ ഗംഗ: 80 വിമാനങ്ങൾ, 24 കേന്ദ്രമന്ത്രിമാർ; രക്ഷാദൗത്യം ശരവേഗത്തിലാക്കി കേന്ദ്രസർക്കാർ
Operation Ganga Evacuation from Ukraine
ഓപ്പറേഷൻ ഗംഗ: 80 വിമാനങ്ങൾ, 24 കേന്ദ്രമന്ത്രിമാർ; രക്ഷാദൗത്യം ശരവേഗത്തിലാക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി: ഓപ്പറേഷൻ ഗംഗ ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യക്കാരെ രക്ഷിക്കാൻ 80 വിമാനങ്ങൾ വിന്യസിച്ചതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം. ദൗത്യത്തിന് നേതൃത്വം നൽകുന്നതിനായി 24ൽ അധികം കേന്ദ്രമന്ത്രിമാരേയും കേന്ദ്രസർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. മാർച്ച് പത്തുവരെ 80 വിമാനങ്ങളാണ് ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി സർവ്വീസ് നടത്തുക. ഇന്ത്യൻ എയർഫോഴ്‌സിന്റെ വിമാനങ്ങൾ ഉൾപ്പെടെ എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ്, ഇൻഡിഗോ, സ്‌പേസ് ജെറ്റ്, വിസ്താര, ഗോ എയർ എന്നീ വിമാനങ്ങളാണ് രക്ഷാദൗത്യത്തിലുണ്ടാവുക.
റുമേനിയൻ അതിർത്തിയിൽ നിന്നും 35 സർവ്വീസുകളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ബുക്കാറെസ്റ്റിൽ നിന്നും എയർ ഇന്ത്യയുടെ 14, എയർ ഇന്ത്യ എക്‌സ്പ്രസിന്റെ എട്ട്, ഇൻഡിഗോയുടെ ഏഴ്, സ്പൈസ് ജെറ്റിന്റെ ഒന്ന്, വിസ്താരയുടെ മൂന്ന്, ഇന്ത്യൻ എയർഫോഴ്സിന്റെ രണ്ട് വിമാനങ്ങൾ എന്നിവ രക്ഷാദൗത്യം നടത്തും. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ നിന്ന് 28 വിമാനങ്ങളും പുറപ്പെടും. ഇതിൽ 17 വിമാനങ്ങൾ ഗോ എയറിൽ നിന്നും ഒൻപതെണ്ണം ഇൻഡിഗോ, രണ്ട് എണ്ണം എയർ ഇന്ത്യ, ഒന്ന് ഇന്ത്യൻ എയർഫോഴ്‌സിൽ നിന്നും ഒരെണ്ണം സ്‌പെയ്‌സ് ജെറ്റിൽ നിന്നുമാണ്.
പോളണ്ടിൽ നിന്നും ഒൻപത് വിമാനങ്ങളും റുമേനിയയിലെ സുസെവയിൽ നിന്നും സ്ലോവാക്യയിൽ നിന്നും മൂന്ന് വിമാനങ്ങളും ചാർട്ട് ചെയ്തിട്ടുണ്ട്. മാർച്ച് രണ്ട് വരെ 24 വിമാനങ്ങളാണ് ഓപ്പറേഷൻ ഗംഗയുടെ കീഴിൽ സർവ്വീസ് നടത്തിയെന്നും കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഫെബ്രുവരി 26നാണ് ഓപ്പറേഷൻ ഗംഗ ആരംഭിച്ചത്. ഒഴിപ്പിക്കലിന് മേൽനോട്ടം വഹിക്കാൻ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വി.കെ സിംഗ്, ഹർദീപ് സിംഗ് പുരി, കിരൺ റിജിജു എന്നിവരെ പ്രധാനമന്ത്രി ഹംഗറി, റുമേനിയ, പോളണ്ട്, സ്ലോവാക്യ എന്നിവിടങ്ങളിലേക്ക് അയച്ചിട്ടുണ്ട്.
കടപ്പാട് ജനം ന്യൂസ്.