റെയിൽവേയ്‌ക്ക് ഇത് ചരിത്രദിനം 41000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി
റെയിൽവേയ്‌ക്ക് ഇത് ചരിത്രദിനം; 41,000 കോടി രൂപയുടെ 2,000 വികസന പദ്ധതികൾക്ക് തുടക്കമിടാൻ പ്രധാനമന്ത്രി ന്യൂഡൽഹി: രാജ്യത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ 41,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തറക്കല്ലിടും.
റെയിൽവേയുടെ അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള രണ്ടായിരം പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. റെയിൽവേ ചരിത്രത്തിലെ സുപ്രധാന ദിനമാണിതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന് ഉച്ചയ്‌ക്ക് 12.30ന് വീഡിയോ കോൺഫറൻസ് മുഖേനയാണ് അദ്ദേഹം ഉദ്ഘാടനം നിർവ്വഹിക്കുക.
അമൃത് ഭാരത് പദ്ധതി പ്രകാരം 19,000 കോടി രൂപ മുതൽമുടക്കിൽ രാജ്യത്തെ 553 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നതിനും പ്രധാനമന്ത്രി തുടക്കം കുറിക്കും. നഗരത്തിന്റെ ഇരുവശങ്ങളിലുമായി പ്രവർത്തിക്കുന്ന സിറ്റി സെന്ററുകളായി ഈ സ്റ്റേഷനുകളെ മാറ്റും.
ആധുനിക യാത്രാ സൗകര്യങ്ങളോട് കൂടി റെയിൽവേ സ്റ്റേഷനുകളെ മാറ്റുകയാണ് അമൃത് ഭാരത് പദ്ധതിയുടെ ലക്ഷ്യം. പരിസ്ഥിതി സൗഹൃദമായ രീതിയിൽ സ്റ്റേഷനുകളെ മാറ്റുന്നതിനൊപ്പം ഭിന്നശേഷി സൗഹൃദമാക്കുകയും ചെയ്യും. ഒപ്പം ഫുഡ് കോർട്ടുകൾ, കിഡ്സ് പ്ലേയിംഗ് ഏരിയ, കിയോസ്ക്, എന്നീ സൗകര്യങ്ങളും ലഭ്യമാക്കും.